പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള വാർത്തകൾ; അൽ ജസീറയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ

പാക് അധീന കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങളും സുരക്ഷാ സേനയുടെ നടപടികളും സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ ഖത്തർ ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ അൽ ജസീറയ്‌ക്കെതിരെ പാകിസ്ഥാൻ സർക്കാർ കർശന നടപടി സ്വീകരിച്ചു. അൽ ജസീറയുടെ വെബ്‌സൈറ്റിനും സേവനങ്ങൾക്കും രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

അൽ ജസീറ “നിരുത്തരവാദപരമായ റിപ്പോർട്ടിംഗ്” നടത്തുകയാണെന്നും സെൻസേഷണലിസത്തിനായി യെല്ലോ ജേണലിസം പ്രോത്സാഹിപ്പിക്കുകയാണെന്നും പാകിസ്ഥാൻ വിവര-പ്രക്ഷേപണ മന്ത്രാലയം ആരോപിച്ചു. പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ, കുറഞ്ഞ പോളിംഗ് ശതമാനം, ജനകീയ പ്രതിഷേധങ്ങൾ, സുരക്ഷാസേനയുടെ വിന്യാസം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് നടപടിക്ക് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, വിദേശ മാധ്യമപ്രവർത്തകരുടെ പ്രവർത്തനങ്ങൾക്കും പാകിസ്ഥാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി എന്നിവയ്ക്ക് പുറത്തെ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പാക് അധീന കശ്മീരിൽ റിപ്പോർട്ടിംഗ് നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കി.

അതേസമയം, പാകിസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ നിയന്ത്രിക്കാനുള്ള ശ്രമമാണ് ഇതെന്നും ഡിജിറ്റൽ സെൻസർഷിപ്പിലൂടെ അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്നും അവർ ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക