ബംഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് ആറ് നവജാത ശിശുക്കൾ മരണപ്പെട്ടു. ജനിച്ച് ഒരു ദിവസം മുതൽ മൂന്ന് ദിവസം വരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ധാക്കയിലെ അദ്ദീൻ ആശുപത്രിയിൽ ദാരുണമായി മരണമടഞ്ഞത്. വാർഡിലെ എസി ഓഫ് ചെയ്തതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില വഷളാകുകയും മരണപ്പെടുകയുമായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് അഞ്ച് കുട്ടികളും മരണത്തിന് കീഴടങ്ങി.
പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞുങ്ങൾക്ക് തണുക്കുന്നുവെന്ന് വാർഡിലുണ്ടായിരുന്ന ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജീവനക്കാർ മുറിയിലെ എസി ഏതാണ്ട് ഒരു മണിക്കൂറോളം നിർത്തിവെച്ചു. പിന്നീട് ചൂട് അനുഭവപ്പെട്ടതോടെ വീണ്ടും എസി ഓൺ ചെയ്യുകയായിരുന്നു. പിന്നാലെ രണ്ട് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ഇവരെ പിന്നീട് വീണ്ടും വാർഡിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ആറ് മണിയോടെ കുഞ്ഞുങ്ങളുടെ നില വീണ്ടും വഷളാവുകയായിരുന്നു. തുടർന്ന് എൻഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും പ്രവേശിപ്പിച്ചെങ്കിലും ആറുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
“സംഭവം നടക്കുമ്പോൾ ധാക്കയിലെ താപനില ഏതാണ്ട് 32 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എസി ഓഫ് ചെയ്തതോടെ മുറിക്കുള്ളിലേക്ക് വായുസഞ്ചാരത്തിനുള്ള മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. അന്തരീക്ഷം ശ്വാസംമുട്ടിക്കുന്ന അവസ്ഥയിലായിരുന്നു,” എന്ന് ആരോഗ്യവകുപ്പ് മേധാവി പ്രഭാത് ചന്ദ്ര ബിശ്വാസ് വ്യക്തമാക്കി.
കൂടാതെ, എസിക്കുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് മുറിക്കുള്ളിൽ വാതകച്ചോർച്ച ഉണ്ടായിട്ടുണ്ടാകാമെന്നും അതാകാം കുട്ടികളുടെ ആരോഗ്യനില പെട്ടെന്ന് വഷളാകാൻ കാരണമായതെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അതീവ ഗൗരവത്തോടെയുള്ള അന്വേഷണത്തിന് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
