ഐപിഎൽ കണ്ടെത്തിയ പുതിയ സിക്സ് ഹിറ്റിംഗ് മെഷീൻ അത്ഭുതം വൈഭവ് സൂര്യവംശി; പ്രശംസയുമായി ക്രിസ് ഗെയിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് പതിനഞ്ചുകാരനായ യുവവിസ്മയം വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസിന്റെ ഈ ഇടങ്കയ്യൻ ബാറ്റ്സ്മാൻ, ടി20 ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസമായ ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള വമ്പൻ റെക്കോർഡുകൾ തകർത്താണ് ഇപ്പോൾ കായികലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിർണായകമായ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാന് വേണ്ടി വൈഭവ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചത്. മത്സരത്തിൽ വെറും 29 പന്തിൽ നിന്ന് 5 ഫോറുകളും 12 സിക്‌സറുകളും സഹിതം 97 റൺസാണ് താരം അടിച്ചുകൂട്ടിയത്. 334.48 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലായിരുന്നു ഈ ഇന്നിംഗ്സ്.

ഈ മത്സരത്തിലെ 12 സിക്സറുകൾ ഉൾപ്പെടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് ഇനി വൈഭവ് സൂര്യവംശിക്ക് സ്വന്തം. ഈ സീസണിൽ താരം ആകെ നേടിയത് 65 സിക്‌സറുകളാണ്. 2012-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ക്രിസ് ഗെയ്‌ൽ സ്ഥാപിച്ച 59 സിക്‌സറുകളുടെ റെക്കോർഡാണ് 15-കാരൻ പഴങ്കഥയാക്കിയത്. ഒരു ടി20 ടൂർണമെന്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതിന്റെ റെക്കോർഡും ഇതോടെ വൈഭവിന്റെ പേരിലായി.

തന്റെ റെക്കോർഡ് തകർത്ത യുവതാരത്തെ പ്രശംസിച്ച് ക്രിസ് ഗെയ്‌ൽ തന്നെ രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം. “ഐപിഎൽ കണ്ടെത്തിയ പുതിയ സിക്സ് ഹിറ്റിംഗ് മെഷീൻ ആയ അത്ഭുതകരമായ വൈഭവ് സൂര്യവംശി” എന്നാണ് ഗെയ്‌ൽ കുറിച്ചത്. വെറും 3 റൺസിന് സെഞ്ച്വറി നഷ്ടമായതിനെക്കുറിച്ച് “നീ നിർഭാഗ്യവാനാണ്, പക്ഷേ വരും മത്സരങ്ങളിൽ നീ തീർച്ചയായും ആ നാഴികക്കല്ല് മറികടക്കും” എന്ന് പറഞ്ഞ് ഇതിഹാസ താരം വൈഭവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഈ സീസണിൽ ഉടനീളം അസാധാരണമായ ഫോമിലാണ് വൈഭവ് ബാറ്റ് വീശുന്നത്. കളിച്ച 15 ഇന്നിംഗ്സുകളിൽ നിന്ന് 45.33 ശരാശരിയിലും 242.85 എന്ന ഭീമൻ സ്ട്രൈക്ക് റേറ്റിലും താരം 680 റൺസ് വാരിക്കൂട്ടി. ഇതിൽ ഒരു സെഞ്ച്വറിയും നാല് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.

മാത്രമല്ല, ബൗണ്ടറികളിലൂടെ മാത്രം റൺസ് കണ്ടെത്തുന്നതിലും വൈഭവ് പുതിയ റെക്കോർഡിട്ടു. തന്റെ ആകെ റണ്ണുകളുടെ 88.9 ശതമാനവും വൈഭവ് നേടിയത് ഫോറുകളിലൂടെയും സിക്സറുകളിലൂടെയുമാണ്. 2019-ൽ കൊൽക്കത്ത താരം ആൻഡ്രെ റസ്സൽ സ്ഥാപിച്ച 85.5% എന്ന റെക്കോർഡാണ് താരം മറികടന്നത്. ഒരു ഐപിഎൽ ഇന്നിംഗ്സിൽ പത്തിലധികം സിക്സറുകൾ നേടുന്ന ഗെയ്ലിന്റെ റെക്കോർഡിനൊപ്പം (4 തവണ) എത്തിയ വൈഭവ്, ഒരു സീസണിൽ തന്നെ മൂന്ന് തവണ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനുമായി.

മറുപടി രേഖപ്പെടുത്തുക