ഇഡിയെ ആരും ആക്രമിച്ചിട്ടില്ല; അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം: എം സ്വരാജ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. അവിടെയുണ്ടായത് ജനങ്ങളുടെ നിയന്ത്രിക്കാനാവാത്ത ഒരു ചെറിയ പ്രതികരണം മാത്രമാണെന്നും അക്രമം ഇങ്ങനെയൊന്നുമല്ലെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴത്തെ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞുകൊടുക്കാത്തത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നാടകം കളിക്കാൻ സുഗമമായ വഴിയൊരുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

“കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടും വി.ഡി. സതീശൻ എന്തുകൊണ്ടാണ് ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തത്? അദ്ദേഹം മാറിയാൽ കന്റോൺമെന്റ് ഹൗസ് ഒഴിയേണ്ടി വരും. അങ്ങനെ ഒഴിഞ്ഞാൽ പുതിയ പ്രതിപക്ഷ നേതാവിന് സ്വാഭാവികമായും കന്റോൺമെന്റ് ഹൗസ് അനുവദിക്കേണ്ടി വരും. എന്നാൽ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞു കൊടുക്കാതെ, താൻ കുറച്ചുനാൾ കൂടി മാറിനിൽക്കുന്നു എന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. അന്വേഷണ ഏജൻസികൾക്ക് വന്ന് നാടകം കളിക്കാനുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ മുഖ്യമന്ത്രി തന്നെ അവസരം ഒരുക്കിക്കൊടുത്തു എന്ന ശക്തമായ ആരോപണമാണ് ഇപ്പോൾ സമൂഹത്തിൽ ഉയരുന്നത്,” സ്വരാജ് വ്യക്തമാക്കി.

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.ഐ.എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടെന്ന വാർത്തകളെ സ്വരാജ് പൂർണ്ണമായും തള്ളിപ്പറഞ്ഞു. “ഇവിടെ ഇഡിയെ ആരും ആക്രമിച്ചിട്ടില്ല. അക്രമം എന്ന് പറഞ്ഞാൽ ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങളൊക്കെ മനസ്സിലാക്കിക്കൊള്ളണം. അവിടെ നടന്നത് ഒരു തരത്തിലുമുള്ള അക്രമമേയല്ല,” എന്ന് പറഞ്ഞുകൊണ്ട്, റെയ്ഡിനെതിരെ ഉണ്ടായ ജനരോഷം സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സ്വരാജ് അവസാനിപ്പിച്ചു .

മറുപടി രേഖപ്പെടുത്തുക