തമിഴകത്തെ പ്രിയനടൻ ശിവകാർത്തികേയനെ നായകനാക്കി ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘സെയോൺ’ . ചിത്രത്തിൽ നായികയായി എത്തുന്ന യുവനടി ഭാഗ്യശ്രീ ബോർസെ, ചിത്രത്തിന്റെ നിർമ്മാതാവും ഇതിഹാസ താരവുമായ കമൽഹാസന് നന്ദി പറഞ്ഞുകൊണ്ട് പങ്കുവെച്ച ഹൃദയംഗമമായ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കമലഹാസനെ എപ്പോഴും അഭിമാനിപ്പിക്കുന്ന തരത്തിലുള്ള പ്രകടനം ചിത്രത്തിൽ കാഴ്ചവെക്കുമെന്ന് താരം തന്റെ കുറിപ്പിലൂടെ ഉറപ്പുനൽകുന്നു.
ലോകനായകൻ കമൽഹാസനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഭാഗ്യശ്രീ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.
ഭാഗ്യശ്രീ ബോർസെയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്:
“പ്രിയപ്പെട്ട കമൽഹാസൻ സർ, താങ്കൾ അഭിനയിച്ചു വളരുന്നത് കണ്ട എന്നിലെ കൊച്ചു പെൺകുട്ടി… താങ്കൾ എന്റെ തോളിൽ കൈവെച്ച് എനിക്ക് ആശംസകൾ നേർന്ന ആ നിമിഷം സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലുമായി സഹകരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ ബഹുമതിയുണ്ട്. താങ്കളെ ഒട്ടും നിരാശപ്പെടുത്തില്ലെന്നും എന്നും അഭിമാനിപ്പിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.”
കഴിഞ്ഞ മെയ് 6-ന് ഭാഗ്യശ്രീയുടെ ജന്മദിനത്തിലാണ് ‘സെയോൺ’ സിനിമയുടെ അണിയറപ്രവർത്തകർ താരത്തെ ചിത്രത്തിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തത്.
കമൽഹാസന്റെ പ്രശസ്ത നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ടർമെറിക് മീഡിയയും സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ മറ്റൊരു വലിയ ചിത്രമായിരിക്കും ഇതെന്ന് ഉറപ്പായതോടെ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
