കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടെങ്കിലും പ്രിയദർശിനി പദ്ധതി സ്ത്രീകളുടെ കുടുംബബജറ്റിന് കരുത്ത്: മന്ത്രി സി.പി. ജോൺ

യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും, സാധാരണക്കാരായ സ്ത്രീകളുടെ കുടുംബബജറ്റിന് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് ശേഷം കെഎസ്ആർടിസി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതി നിലവിൽ വരുന്നതിന് മുമ്പ് പ്രതിദിനം ഏകദേശം 10 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ ആ എണ്ണം 15 ലക്ഷമായി ഉയർന്നിരിക്കുകയാണ്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് പ്രതിദിനം ഏകദേശം രണ്ടര കോടി രൂപയുടെ വരുമാന ബാധ്യത ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ പദ്ധതിയുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ അതിനേക്കാൾ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിദിനം ഏഴ് കോടിയിലധികം രൂപ സാധാരണ കുടുംബങ്ങളിലെ സ്ത്രീകളുടെ കൈകളിൽ നേരിട്ട് നിലനിർത്താൻ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ യാത്രാചെലവ് കുറയുന്നതിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും കുടുംബങ്ങളുടെ ചെലവുഭാരവും ഗണ്യമായി കുറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും, സാമൂഹിക ക്ഷേമവും പൊതുഗതാഗത പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു

മറുപടി രേഖപ്പെടുത്തുക