മുണ്ടത്തിക്കോട് പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശിയായ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശിയായ വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശിയായ സുവിൻ (40) എന്നിവരെയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
അകത്ത് ഉണ്ടായിരുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥലത്ത് ഉണ്ടായിരുന്ന 12 വെടിപ്പുരകളിൽ 11 എണ്ണം കത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും, വീണ്ടും പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് ഇന്നത്തെ തിരച്ചിൽ നിർത്തിവെച്ചു. അപകടസ്ഥലത്തിന് സമീപമുള്ള കുളത്തിൽ സ്കൂബാ ഡൈവർമാർ മൃതദേഹങ്ങൾക്കായി പരിശോധന നടത്തി.
നാളെ കൂടുതൽ പരിശോധനകൾക്കായി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റോബോട്ടും കെ9 (കെഡാവർ) നായകളെയും എത്തിക്കും. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി ഒരുക്കിയ പ്രത്യേക യൂണിറ്റിൽ ഡോക്ടർമാരുമായി അവർ ചർച്ച നടത്തി.
കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടർച്ചയായി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
