നിയമസഭാ തിരഞ്ഞെടുപ്പ്: എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് കെഎസ്‌യു; സീറ്റ് വിഭജനത്തില്‍ യു‍ഡിഎഫില്‍ നീക്കങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് എട്ട് സീറ്റുകള്‍ ആവശ്യപ്പെടാന്‍ കെഎസ്‌യു തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച തിരുവനന്തപുരത്ത് കെഎസ്‌യു യോഗം ചേരും. യൂത്ത് കോണ്‍ഗ്രസ് ഏകദേശം 30 ശതമാനം സീറ്റുകള്‍ ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കെഎസ്‌യുവും സീറ്റ് ആവശ്യവുമായി രംഗത്തെത്തുന്നത്.

സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ മത്സരിക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അലോഷ്യസ് സേവിയര്‍ (പീരുമേട്), ആന്‍ സെബാസ്റ്റ്യന്‍ (ഇരിഞ്ഞാലക്കുട), യദു കൃഷ്ണ (കൊട്ടാരക്കര), മുഹമ്മദ് ഷമ്മാസ് (കണ്ണൂര്‍), അര്‍ജുന്‍ രാജേന്ദ്രന്‍ (ആറ്റിങ്ങല്‍), വി.ടി. സൂരജ് (ബാലുശ്ശേരി) എന്നിവരാണ് സാധ്യതാ സ്ഥാനാര്‍ത്ഥികള്‍. യൂത്ത് കോണ്‍ഗ്രസ് ആകെ 16 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, പേരാമ്പ്ര സീറ്റ് വിട്ടുനല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യം മുസ്ലീം ലീഗ് തള്ളി. സീറ്റ് ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ഗുരുവായൂര്‍ സീറ്റ് കെ. മുരളീധരന്‍ മത്സരിക്കുകയാണെങ്കില്‍ മാത്രമേ വിട്ടുനല്‍കൂ എന്ന നിലപാടിലാണ് ലീഗ്. ഗുരുവായൂര്‍ സീറ്റ് വിട്ടുനല്‍കിയാല്‍ പട്ടാമ്പി സീറ്റ് ലീഗിന് നല്‍കേണ്ടിവരുമെന്ന സൂചനകളും ഉണ്ട്.

പേരാമ്പ്ര സീറ്റ് ലഭിക്കില്ലെന്ന സൂചന ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ നല്‍കി. സീറ്റ് സംബന്ധിച്ച തീരുമാനം ലീഗ് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രവീണ്‍ കുമാര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക