സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദം: ചെയർമാനെയും സെക്രട്ടറിയെയും മാറ്റി കേന്ദ്ര സർക്കാർ; നടപടി പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ടുയർന്ന കടുത്ത വിവാദങ്ങൾക്ക് പിന്നാലെ നിർണ്ണായക നടപടിയുമായി കേന്ദ്ര സർക്കാർ. സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ പദവികളിൽ നിന്നും അടിയന്തരമായി മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ കടുത്ത നടപടി. വിവാദത്തിന് കാരണമായ ‘ഓൺ സ്ക്രീൻ മാർക്കിങ്’ സംവിധാനത്തെക്കുറിച്ച് സമഗ്രമായ ആഭ്യന്തര അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

കപ്പാസിറ്റി ബിൽഡിങ് കമ്മീഷൻ ചെയർപേഴ്സൺ എസ്. രാധ ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് അന്വേഷണ ചുമതല. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നത്. ഈ വർഷം മുതലാണ് പരീക്ഷാ പേപ്പറുകൾ ഡിജിറ്റലായി സ്‌കാൻ ചെയ്ത് കമ്പ്യൂട്ടർ സ്‌ക്രീനിലൂടെ മൂല്യനിർണ്ണയം നടത്തുന്ന ‘ഓൺ സ്‌ക്രീൻ മാർക്കിങ്’ രീതി ബോർഡ് നടപ്പിലാക്കിയത്.

മൂല്യനിർണ്ണയത്തിനായി ബോർഡ് ഉപയോഗിച്ച പുതിയ സോഫ്റ്റ്‌വെയറിലെ ഗുരുതരമായ സാങ്കേതിക പിഴവാണ് ഫലപ്രഖ്യാപനത്തെയും മാർക്കിനെയും ബാധിച്ചത്. അർഹിച്ച മാർക്ക് ലഭിക്കാതെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പ്രതിസന്ധിയിലാവുകയും രാജ്യവ്യാപകമായി പ്രതിഷേധവുമായി രംഗത്തിറങ്ങുകയുമായിരുന്നു. തുടർന്ന് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ചപ്പോഴും വലിയ അപാകതകൾ ആവർത്തിച്ചതാണ് ഇപ്പോഴത്തെ കടുത്ത നടപടികളിലേക്ക് കേന്ദ്ര സർക്കാരിനെ നയിച്ചത്.

സി.ബി.എസ്.ഇ ഫലത്തിലെ അപാകതകൾ കേരളത്തിലെ എൻജിനീയറിങ്/മെഡിക്കൽ പ്രവേശന പരീക്ഷയായ ‘കീം’ റാങ്ക് ലിസ്റ്റിനെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് സി.ബി.എസ്.ഇ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ കോടതി ഏതെങ്കിലും തരത്തിലുള്ള തീരുമാനമെടുക്കുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു.

മറുപടി രേഖപ്പെടുത്തുക