വർഗീയ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ നിയമ നടപടിക്കൊരുങ്ങി എല്‍ഡിഎഫും യുഡിഎഫും

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ നിയമ നടപടികൾക്ക് എൽഡിഎഫും യുഡിഎഫും ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ വർഗീയ പരാമർശങ്ങളാണ് ഇരു മുന്നണികളെയും ഈ നീക്കത്തിലേക്ക് നയിച്ചത്.

ബി. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഹൈക്കോടതിയിൽ റിറ്റ് ഹർജി സമർപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിവ് സൃഷ്ടിക്കുന്ന തരത്തിൽ പ്രചാരണം നടത്തി വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ, ജില്ലാ കളക്ടർ, ഗുരുവായൂർ എസിപി എന്നിവർക്കും അദ്ദേഹം പരാതി നൽകി.

അതേസമയം, ഗോപാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി. സുമേഷും തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. ഗുരുവായൂരിന് വേണ്ടി കാര്യമായ ഒന്നും ചെയ്തിട്ടില്ലാത്ത ഒരു പാർട്ടിയുടെ പ്രതിനിധിയായ ഗോപാലകൃഷ്ണൻ വിദ്വേഷ പ്രസ്താവനകളിലൂടെ സമൂഹത്തിൽ വർഗീയ ഭിന്നത സൃഷ്ടിക്കുകയാണെന്ന് സുമേഷ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ഗോപാലകൃഷ്ണൻ വിവാദപരാമർശം നടത്തിയത്. ഗുരുവായൂരിൽ 48 ശതമാനം ഹിന്ദു ജനസംഖ്യയുണ്ടെങ്കിലും കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ പോലും ഉണ്ടായിട്ടില്ലെന്നും ഇടത്-വലത് മുന്നണികൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കുന്നില്ലെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

മറുപടി രേഖപ്പെടുത്തുക