അഴിമതി കേസ്; മുൻ പ്രതിരോധ മന്ത്രിമാർക്ക് ചൈനീസ് സൈനിക കോടതി വധശിക്ഷ വിധിച്ചു

അഴിമതി കേസിൽ ചൈനയുടെ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുൻ പ്രതിരോധ മന്ത്രിമാരായ വെയ് ഫെങ്‌ഹെ, ലി ഷാങ്‌ഫു എന്നിവർക്കെതിരെയാണ് നടപടി. വെയ് ഫെങ്‌ഹെ കൈക്കൂലി വാങ്ങിയതിനും, ലി ഷാങ്‌ഫു കൈക്കൂലി വാങ്ങുകയും നൽകുകയും ചെയ്തതിനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഇരുവർക്കും വധശിക്ഷ വിധിച്ചെങ്കിലും ശിക്ഷ രണ്ട് വർഷത്തേക്ക് സ്റ്റേ ചെയ്തതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് നിയമപ്രകാരം ഇത്തരം “സസ്പെൻഡഡ് ഡെത്ത് സെന്റൻസ്” സാധാരണയായി പിന്നീട് ജീവപര്യന്തം തടവായി മാറ്റാറുണ്ട്.

2018 മുതൽ 2023 വരെ ചൈനയുടെ പ്രതിരോധ മന്ത്രിയായിരുന്ന വെയ് ഫെങ്‌ഹെ, അതിന് മുമ്പ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നിർണായക റോക്കറ്റ് ഫോഴ്‌സിന്റെ മേധാവിയായിരുന്നു. പിന്നീട് അദ്ദേഹത്തിന് പകരമായി ഷി ജിൻപിംഗ് തിരഞ്ഞെടുത്ത ലി ഷാങ്‌ഫു പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. എന്നാൽ അഴിമതി ആരോപണങ്ങളെ തുടർന്ന് ഒരു വർഷത്തിനകം തന്നെ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.

2024ൽ ഇരുവരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്കൊടുവിലാണ് സൈനിക കോടതി കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്. ചൈനീസ് സൈന്യത്തിനകത്തെ അഴിമതിക്കെതിരായ പ്രസിഡന്റ് ഷി ജിൻപിംഗിന്റെ വ്യാപക നീക്കങ്ങളുടെ ഭാഗമായാണ് നടപടി വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക