ബംഗാൾ നിയമസഭ പിരിച്ചുവിട്ട് ഗവർണർ; മമത ബാനർജിയുടെ മുഖ്യമന്ത്രി പദം ഔദ്യോഗികമായി അവസാനിച്ചു

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി സംസ്ഥാന ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിടുന്നതായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. മെയ് 7 മുതൽ നിയമസഭ പിരിച്ചുവിടുന്നതായി വ്യക്തമാക്കിയതോടെ മമത ബാനർജി നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലാവധി അവസാനിച്ചതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

“ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 174, ക്ലോസ് 2 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചുകൊണ്ട് 2026 മെയ് 7 മുതൽ പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിടുന്നു,” എന്നാണ് ഗവർണറുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു മമത ബാനർജി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാൻ അവർ തയ്യാറായില്ലെന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായത്.

ഇതിനിടെ, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാട്ടിയാണ് ബിജെപി വിജയം നേടിയതെന്നുമാണ് മമത ബാനർജിയുടെ ആരോപണം. സ്വന്തം സർക്കാരിനെ അട്ടിമറിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും അവർ വിമർശിച്ചു. ബിജെപിയുടെ വിജയത്തെ “അധാർമ്മികത”യെന്നുമാണ് മമത വിശേഷിപ്പിച്ചത്.

ഗവർണറുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാകുമെന്നാണ് സൂചന. ബിജെപി നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മറുപടി രേഖപ്പെടുത്തുക