സർക്കാർ രൂപീകരണത്തിന് വിജയ് യെ പിന്തുണയ്ക്കുന്ന ഡിഎംകെ, സ്റ്റാലിന്റെ രാഷ്ട്രീയ പക്വതയ്ക്ക് പ്രശംസയുമായി കമൽ ഹാസൻ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴഗ വെട്രി കഴകം (ടിവികെ)യ്ക്ക് പിന്തുണയുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ രംഗത്തെത്തി. പാർട്ടി നേതാവ് വിജയ് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഹാസൻ നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും, അതിനാൽ ജനവിധിയെ മാനിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, എം.കെ. സ്റ്റാലിൻ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെയും കമൽ ഹാസൻ അഭിനന്ദിച്ചു. “ജനവിധിയെ മാനിച്ച് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചത് രാഷ്ട്രീയ പക്വതയുടെ ഉദാഹരണമാണ്,” എന്നാണ് അദ്ദേഹം കുറിച്ചത്.

108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവിക്കിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിധിയെ അവഗണിക്കുന്നതാണെന്നും കമൽ ഹാസൻ ആരോപിച്ചു. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനാകാത്ത സ്ഥിതി സംസ്ഥാനത്തിനും ജനാധിപത്യത്തിനും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല, നിയമസഭയിലാണ് എന്ന സുപ്രീംകോടതിയുടെ എസ്.ആർ. ബൊമ്മൈ കേസിലെ പരാമർശവും അദ്ദേഹം ഓർമ്മിപ്പിച്ചു. “ഇത് പാർട്ടി രാഷ്ട്രീയമല്ല; ഒരു ഇന്ത്യൻ പൗരന്റെ നയപരമായ ശബ്ദമാണ്,” എന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ 108 സീറ്റുകൾ നേടിയ ടിവിക്കിന് സർക്കാർ രൂപീകരിക്കാൻ ഇനി 10 എംഎൽഎമാരുടെ പിന്തുണ കൂടി ആവശ്യമാണ്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്ന വിജയ്‌യുടെ മുന്നേറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക