മുഖ്യമന്ത്രി വിഡി സതീശന്റെ വി.ഐ.പി സെക്യൂരിറ്റി വിഭാഗത്തിൽ ക്രിമിനൽ കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് നിയമനം നൽകിയതായി റിപ്പോർട്ട്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ്.ഐ എം. റോജിമോനെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ നിയമിച്ചിരിക്കുന്നത്.
സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ എ.എസ്.ഐ പ്രമോഷനുള്ള പ്രൊവിഷണൽ ലിസ്റ്റിൽ പോലും ഇയാൾ പ്രതിയായ ക്രൈം കേസ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ റിമാർക്സ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള വിഭാഗത്തിലേക്കുള്ള ഇയാളുടെ നിയമനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ക്രിമിനൽ കേസ് പ്രതിയാണെന്ന വിവരം മറച്ചുവെച്ച്, ഈ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോസ്റ്റ് ചെയ്യാൻ ചരടുവലിച്ചത് ആഭ്യന്തര വകുപ്പിനുള്ളിൽ സ്വാധീനമുള്ള ഒരു യു.ഡി.എഫ് അനുകൂല പൊലീസ് സംഘടന നേതാവാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
പ്രസ്തുത പൊലീസ് നേതാവിന്റെ ഇടപെടലുകൾക്കെതിരെ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഗൺമാന്മാരായി നേരത്തെ ആർ.എസ്.എസ് പശ്ചാത്തലമുള്ളവരെ പോസ്റ്റ് ചെയ്യിപ്പിച്ചതിന് പിന്നിലും ഇതേ ഉദ്യോഗസ്ഥ നേതാവിന്റെ താൽപ്പര്യമായിരുന്നു എന്ന ആരോപണം നേരത്തെയും ശക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ വി.ഐ.പി സുരക്ഷാ വിഭാഗത്തിലും ക്രിമിനൽ കേസ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിയമനം നൽകിയിരിക്കുന്നത്.
