ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം; പ്രഖ്യാപനവുമായി ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 96 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അന്താരാഷ്ട്ര തലത്തിൽ ചർച്ച ശക്തമായി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയും റഷ്യൻ സ്റ്റേറ്റ് മീഡിയയായ ആർടിയും ഈ അവകാശവാദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സായുധ സംഘമാണ് പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഐസിസ് വിരുദ്ധ പോരാട്ടത്തിനിടെ കൊല്ലപ്പെട്ട തങ്ങളുടെ കമാൻഡർമാരെക്കുറിച്ച് ട്രംപ് നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങളോടുള്ള പ്രതികരണമായാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്ന് സംഘം അവകാശപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം, പാരിതോഷികം എങ്ങനെ നൽകുമെന്നതടക്കമുള്ള വിശദാംശങ്ങൾ സംഘം പുറത്തുവിട്ടിട്ടില്ല. ഈ പ്രഖ്യാപനം സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഐആർഎൻഎയും ആർടിയും തങ്ങളുടെ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ പ്രതികരിച്ച് യുഎസിലെ യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തക ലോറ ലൂമർ രംഗത്തെത്തി. ട്രംപിനെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ റഷ്യൻ സ്റ്റേറ്റ് മീഡിയ പ്രചരിപ്പിക്കുകയാണെന്ന് അവർ സാമൂഹിക മാധ്യമമായ എക്‌സിലൂടെ വിമർശിച്ചു. റഷ്യ അമേരിക്കയുടെ വിശ്വസ്ത സഖ്യകക്ഷിയല്ലെന്നതിന് ഇത് ഉദാഹരണമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഇതിനിടെ, വിഷയത്തിൽ വൈറ്റ് ഹൗസോ യുഎസ് ഫെഡറൽ അന്വേഷണ ഏജൻസികളോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സുരക്ഷാ സംഘർഷങ്ങൾക്കിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക