കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി മുന്നേറ്റത്തെ പുകഴ്ത്തി പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മികച്ച വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലയേറ്റ ചടങ്ങിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പ്രസ്താവന.

തിരുവനന്തപുരം നഗരത്തിൽ 45 വർഷമായി തുടരുന്ന ഇടതുഭരണം അവസാനിപ്പിച്ച് ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിച്ചതിനെ അദ്ദേഹം വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിശേഷിപ്പിച്ചു. കേരളത്തിൽ ഏകദേശം നൂറോളം കൗൺസിലർമാരെ നേടിയെടുത്ത് പാർട്ടി ശക്തി വർധിപ്പിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കോൺഗ്രസിന്റെ കുടുംബാധിഷ്ഠിത രാഷ്ട്രീയവും ഇടതുപക്ഷത്തിന്റെ ഭരണ മാതൃകകളും രാജ്യം ഇതിനകം അനുഭവിച്ചുകഴിഞ്ഞതാണെന്നും, ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് ബിജെപിയുടെ വികസനവും സദ്ഭരണവും മുൻനിർത്തിയ മാതൃകയാണെന്നും മോദി പറഞ്ഞു.

അധികാരം ആഡംബരത്തിനല്ല, ജനസേവനത്തിനുള്ള മാർഗമാണെന്ന നിലപാടിലാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് നിതിൻ നവീൻ ബിജെപി ദേശീയ അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റത്.

മറുപടി രേഖപ്പെടുത്തുക