കിഫ്ബിയുടെ ചിറകരിയുന്നു, വികസന നേട്ടങ്ങൾ തകർക്കാൻ ശ്രമം’; ബജറ്റിനെതിരെ പിണറായി വിജയൻ

സംസ്ഥാന ബജറ്റിൽ കിഫ്ബിക്കെതിരെ സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പശ്ചാത്തല വികസന പ്രവർത്തനങ്ങളുടെ പ്രധാന ചാലകശക്തിയായിരുന്നു കിഫ്ബിയെന്നും അതിന്റെ പ്രവർത്തനശേഷി ഇല്ലാതാക്കുന്ന സമീപനമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചതും വിമർശനവിധേയമാക്കിയ അദ്ദേഹം, ഇത് മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിച്ചു. സംസ്ഥാനത്തെ പാർപ്പിട മേഖലയിലെ സമഗ്ര വികസനത്തിന് ലൈഫ് പദ്ധതി നൽകിയ സംഭാവനകളെ അവഗണിച്ചാണ് പുതിയ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിലെ വിവിധ പദ്ധതികൾ സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി പോലുള്ള പദ്ധതികൾ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണോയെന്ന സംശയം നിലനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ലാൻഡ് മാനേജ്മെന്റ് നയവും സ്വകാര്യ കുത്തകകൾക്ക് അനുകൂലമാകുമോയെന്ന ആശങ്ക ഉയർത്തിയ അദ്ദേഹം, നെഹ്റുവിയൻ വികസന മാതൃകയെക്കുറിച്ച് സംസാരിക്കുന്ന സർക്കാർ അതേ ആശയത്തെ തന്നെ തള്ളിക്കളയുകയാണെന്നും വിമർശിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന രീതിയിലാണ് ബജറ്റിന്റെ ആമുഖം അവതരിപ്പിച്ചതെന്നും എന്നാൽ ബജറ്റിന്റെ മൊത്തത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ അത്തരം ചിത്രം കാണാനാകില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബജറ്റിൽ ഏകദേശം രണ്ടായിരം കോടി രൂപയുടെ അധിക വകയിരുത്തൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള സർക്കാരിന്റെ വാദം രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ കൂടുതൽ ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ ഉയരുമെന്ന സൂചന നൽകുന്നതാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക