പെരുമ്പാവൂരിൽ ട്വന്റി ട്വന്റിക്ക് തിരിച്ചടിയായി നടി ലക്ഷ്മി പ്രിയയുടെ സ്ഥാനാർഥിത്വം വിവാദത്തിലായി. വോട്ടർ പട്ടികയിൽ അവരുടെ പേര് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രി എത്തിയിരുന്നുവെങ്കിലും സ്ഥാനാർഥിയായ ലക്ഷ്മി പ്രിയ പരിപാടിയിൽ പങ്കെടുത്തില്ല. ആരോഗ്യപ്രശ്നങ്ങളാണ് എത്താനാകാതിരുന്നതിനുള്ള കാരണമെന്ന് അവർ വിശദീകരിച്ചു.
ട്വന്റി ട്വന്റിയുടെ സ്ഥാനാർഥിയായാണ് പെരുമ്പാവൂരിൽ നടിയും മുൻ ബിഗ് ബോസ് താരവുമായ ലക്ഷ്മി പ്രിയയെ പ്രഖ്യാപിച്ചത്. താൻ യാതൊരു പാർട്ടിയുടെയും അംഗമല്ലെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണെന്നായിരുന്നു സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ അവർ പറഞ്ഞത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ പിന്തുണയും ആരാധനയും ലക്ഷ്മി പ്രിയ തുറന്ന് പറഞ്ഞിരുന്നു. മോദി കൊണ്ടുവന്ന പദ്ധതികളാണ് തനിക്ക് അദ്ദേഹത്തോട് ആദരം തോന്നാൻ കാരണം എന്നും, രാജ്യത്തെ ഓരോ പെൺകുട്ടിയുടെയും സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും അവർ പറഞ്ഞു. ജനൗഷധി പദ്ധതിയിലൂടെ കുറഞ്ഞ വിലയ്ക്ക് സാനിറ്ററി നാപ്കിൻ ലഭിച്ച അനുഭവം പങ്കുവെച്ചുകൊണ്ട്, അത് തനിക്ക് ഏറെ വികാരാധീനമായ നിമിഷമായിരുന്നുവെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.
