നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. എംപിമാർ മത്സരിക്കരുതെന്ന തീരുമാനം കൈക്കൊണ്ടുവെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, അന്തിമ തീരുമാനം ഹൈക്കമാൻഡാണ് എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ചില അംഗങ്ങൾ അത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചിരുന്നുവെങ്കിലും, അതിനെ ഭൂരിപക്ഷ–ന്യൂനപക്ഷ നിലപാടുകളായി കാണാനാകില്ലെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
ഫെബ്രുവരി 6ന് പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘പുതുയുഗ യാത്ര’ ആരംഭിക്കുമെന്നും, അതിന് മുന്നോടിയായി തന്നെ യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ആരൊക്കെ മത്സരിക്കുമെന്ന് അന്ന് വ്യക്തമാകുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
