ടെഹ്‌റാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ ഏർപ്പെടുത്തിയ രാജ്യവ്യാപക ഇന്റർനെറ്റ് വിച്ഛേദനം അഞ്ചാം ആഴ്ചയിലേക്ക് കടന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ഇന്റർനെറ്റ് ബ്ലാക്ക്ഔട്ടായി ഇത് മാറിയതായി ഡിജിറ്റൽ നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്സ് അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നെറ്റ്ബ്ലോക്സ് പങ്കുവച്ച വിവരങ്ങൾ പ്രകാരം, തുടർച്ചയായി 37 ദിവസത്തിലേറെയായി (864 മണിക്കൂറിൽ കൂടുതൽ) ഇന്റർനെറ്റ് സേവനങ്ങൾ നിലച്ചിരിക്കുകയാണ്. ഇത്രയും ദൈർഘ്യമേറിയതും വ്യാപകവുമായ വിച്ഛേദനം ചരിത്രത്തിൽ ആദ്യമായാണ് സംഭവിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. മ്യാൻമർ, സുഡാൻ, കശ്മീർ എന്നിവിടങ്ങളിൽ മുമ്പ് ഭാഗികമായോ ഇടയ്ക്കിടെ സംഭവിച്ച ബ്ലാക്ക്ഔട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു മുഴുവൻ രാജ്യവും ഇത്രയും കാലം പൂർണ്ണമായി ഓഫ്‌ലൈനാകുന്നത് അപൂർവമാണെന്നും റിപ്പോർട്ട് പറയുന്നു.
ഫെബ്രുവരി 28-നാണ് ബ്ലാക്ക്ഔട്ട് ആരംഭിച്ചത്. ഇതോടെ ഇറാൻ പൗരന്മാർ ആഗോള ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായും വേർപിരിഞ്ഞു. ഇതിനിടെ, തിരഞ്ഞെടുത്ത ചിലർക്ക് മാത്രമായി ആക്സസ് അനുവദിക്കുന്ന ‘വൈറ്റ്‌ലിസ്റ്റിംഗ്’ സംവിധാനം സർക്കാർ പരീക്ഷിച്ചു വരികയാണ്.
അതേസമയം, ഇറാനിലെ ലക്ഷ്യങ്ങളെതിരെ യുഎസും ഇസ്രായേലും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുമ്പോൾ, ഗൾഫ് രാജ്യങ്ങളിലെ അവരുടെ താവളങ്ങൾ ലക്ഷ്യമാക്കി ഇറാനും പ്രതികാര നീക്കങ്ങൾ നടത്തുന്നുണ്ട്. ഈ സംഘർഷാവസ്ഥ തുടരുന്നതിനിടെ, VPN-കളും സാറ്റലൈറ്റ് കണക്ഷനുകളും പോലുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ജനങ്ങളെ തടയാൻ സർക്കാർ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘർഷം ശമിക്കുന്നതിന്റെ സൂചനകൾ ഇതുവരെ കാണാത്തതിനാൽ, ഇന്റർനെറ്റ് സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് വ്യക്തമായ പ്രതികരണം ലഭിച്ചിട്ടില്ല.
