ഇറാനെതിരായ യുഎസ് സൈനിക നടപടി “വളരെ വിജയകരമായി മുന്നേറുകയാണ്” എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാന്റെ സൈനിക ശേഷി ഗണ്യമായി തകർന്നിട്ടുണ്ടെന്നും ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദേശീയ ചെറുകിട ബിസിനസ് വാരാഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. വലിയ ഭീഷണികളെ മുന്‍കൂട്ടി തടയുന്നതിനായാണ് ഈ സൈനിക നടപടി അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. “ഇറാന്‍ ഒരു ആണവായുധം സ്വന്തമാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,” ട്രംപ് വ്യക്തമാക്കി.
ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വലിയ തോതില്‍ തകര്‍ന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. “അവര്‍ക്ക് നാവികസേനയില്ല, വ്യോമസേനയില്ല, വിമാനവിരുദ്ധ സംവിധാനങ്ങളില്ല, റഡാറുകളില്ല — ഒന്നും അവശേഷിക്കുന്നില്ല,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇറാന്റെ നേതൃത്വ സംവിധാനവും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. “അവര്‍ക്ക് ഇപ്പോള്‍ നേതാക്കളില്ലെന്ന് പറയാം. നേതാക്കളും ഇല്ലാതായി,” അദ്ദേഹം പറഞ്ഞു.
സൈനിക നീക്കത്തെ ‘പരിമിതമായെങ്കിലും ഫലപ്രദമായ’ നടപടിയായി വിശേഷിപ്പിച്ച ട്രംപ്, “ഇത് ഒരു ചെറിയ യുദ്ധം പോലെയാണ്,” എന്നും യുഎസ് സേന ലക്ഷ്യങ്ങള്‍ വിജയകരമായി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
