പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം കാണാതായെന്ന റിപ്പോർട്ട്: ഇന്റലിജൻസ് റിപ്പോർട്ട് പരിശോധിക്കും: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണമടക്കമുള്ള സ്വത്ത് വകകൾ കാണാതായെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെ കണ്ട് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് പുറത്തുവന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

വിഷയം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഏതു തരത്തിലുള്ള അന്വേഷണത്തെയും തിരുവിതാംകൂർ രാജകൊട്ടാരം സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിന്റെ സുതാര്യത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്ഷേത്രത്തിന് സർക്കാർ നൽകിയിട്ടുള്ള ഫണ്ട് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കും. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ഭരണസമിതി പുറത്തുവിട്ടില്ലെങ്കിൽ സർക്കാർ തന്നെ അത് പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിലെ നിലവിലെ അന്വേഷണ പുരോഗതിയിൽ തൃപ്തിയില്ലെന്ന് മന്ത്രി തുറന്നുപറഞ്ഞു. നിലവിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ അന്വേഷണം നടക്കുന്നത്. അതുകൊണ്ടുതന്നെ, കോടതി നിർദ്ദേശങ്ങൾ മറികടക്കാതെ തുടർനടപടികളിലേക്ക് കടക്കുന്നതിനായി കൃത്യമായ നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട് നൽകിയ ഇന്റലിജൻസ് മേധാവിക്കെതിരെ തിരുവിതാംകൂർ മുൻ രാജകുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

മറുപടി രേഖപ്പെടുത്തുക