മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണത കേരളത്തിൽ ശക്തം: വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ പുതുമയുള്ളതല്ലെങ്കിലും എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയുടെ മുഖപത്രമായ ‘യോഗനാദം’ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വിശദീകരിച്ചത്. കേരളത്തിലെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് തന്റെ തെറ്റെങ്കിൽ, ആ നിലപാട് കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം കുറിച്ചു.

വെറും ഭീഷണികൾക്ക് മുന്നിൽ ഭയന്ന് പിന്മാറുന്നയാളല്ല താനും തന്റെ സംഘടനയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരള ജനസംഖ്യയിലെ വലിയൊരു വിഭാഗമായ പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനവിഭാഗങ്ങളുടെ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉന്നയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭരണം നിലനിർത്താനും അധികാരം നേടാനും വേണ്ടി സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ മുന്നണികൾ മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുകയാണെന്ന വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചു. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണത കേരളത്തിൽ ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും പിന്നാക്കം നിർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിന്റെ പിന്നിൽ മുസ്ലിം ലീഗിന്റെ സ്വാധീനമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ താൻ എതിർക്കുന്നത് മുസ്ലിം മതസമൂഹത്തെയല്ല, മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെയാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ഭരണത്തിൽ പങ്കാളികളാകുമ്പോൾ ലീഗ് വർഗീയ സമീപനമാണ് സ്വീകരിക്കുന്നതെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും ചില പഴയ പ്രസംഗങ്ങളും നടപടികളും ഇതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്ന മറ്റ് പാർട്ടികൾക്കുപോലും ഇത്തരം വിഷയങ്ങൾ പൊതുവേദിയിൽ തുറന്നുപറയാൻ ഭയമാണുള്ളതെന്നും എന്നാൽ തനിക്ക് അത്തരം ഭയമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തന്റെ നിലപാടുകളുടെ പേരിൽ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിലും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നത് തുടരുമെന്ന നിലപാടോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക