‘അമ്മ’ സംഘടനയിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം അഡ്മിനിസ്‌ട്രേഷന്‍ എന്തെന്ന് പോലും അറിയാത്തവരുടെ ഇടപെടലുകളാണെന്ന ആരോപണവുമായി നടൻ ടിനി ടോം. സംഘടനയില്‍ അധികാര ദുരുപയോഗം നടക്കുകയാണെന്നും ആരാണ് യഥാര്‍ഥത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പോലും വ്യക്തതയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
“സംഘടനയുടെ വരവ്-ചിലവ് കണക്കുകള്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ എടുത്ത ചില തെറ്റായ തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനറല്‍ സെക്രട്ടറി സ്ഥാനത്തിന്റെ അധികാരം ദുരുപയോഗം ചെയ്തു. പ്രസിഡന്റിന്റെ അധികാരപരിധി വളരെ പരിമിതമാണ്. പ്രസിഡന്റ് വെറും സ്റ്റാമ്പ് മാത്രമാകുന്ന അവസ്ഥയാണിപ്പോള്‍,” എന്നാണ് ടിനി ടോമിന്റെ പ്രതികരണം.
‘അമ്മ’യുടെ ബൈലോകളില്‍ മാറ്റം കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍സിബ ഹസന്‍ രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുരേഷ് ഗോപിയുമായി സംസാരിച്ചിരുന്നുവെന്നും ‘അമ്മ’ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും ടിനി ടോം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ‘അമ്മ’ ഓഫീസ് മാനേജരായിരുന്ന യുവതി സംഘടനാ നേതൃത്വത്തിനെതിരെ പൊലീസിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ മോശമായി പെരുമാറിയെന്നും, പരാതി ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനെ അറിയിച്ചപ്പോള്‍ നടപടി എടുക്കുന്നതിന് പകരം ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം.
ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രസിഡന്റായ ശ്വേതാ മേനോനെ അറിയിച്ചതിനെ ചോദ്യം ചെയ്ത് തനിക്കെതിരെ സമ്മര്‍ദ്ദം ചെലുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തൊഴില്‍ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണങ്ങളും തനിക്കെതിരെ ഉന്നയിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഇതിനിടെ, ഓഫീസ് സുരക്ഷാ ജീവനക്കാരനും സംഘടനാ നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
