വിസ്മയ ഗായിക ആശാ ഭോസ്‌ലെയ്ക്ക് വിട

ഇന്ത്യൻ സംഗീതലോകത്തെ വിസ്മയ ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചുവരികയായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

പ്രശസ്ത പിന്നണി ഗായികയായ ലത മങ്കേഷ്കറിന്റെ സഹോദരിയാണ് ആശാ ഭോസ്ലെ. ഒ.പി. നയ്യാർ, എസ്.ഡി. ബർമൻ, ആർ.ഡി. ബർമൻ, ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ ഗാനങ്ങൾക്ക് ശബ്ദം നൽകി അവർ ശ്രദ്ധേയയായി.

മറാഠി നാടകവേദിയിലെ നടനും ഗായകനുമായ ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. സഹോദരങ്ങളായി ലതാ മങ്കേഷ്‌കർ, ഹൃദയനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവർ ഉണ്ടായിരുന്നു. അച്ഛന്റെ ശിക്ഷണത്തിലൂടെയാണ് ആശയും ലതയും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്.

1943ൽ മറാഠി ചിത്രമായ മജാബാൽ എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് ആശ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1956ൽ ഒ.പി. നയ്യാറിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ സി.ഐ.ഡി. എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ആശയുടെ കരിയറിലെ പ്രധാന വഴിത്തിരിവായത്. തുടർന്ന് ആർ.ഡി. ബർമനുമായുള്ള കൂട്ടുകെട്ട് വലിയ വിജയമായി മാറി, പിന്നീട് അത് വിവാഹത്തിലേക്കും നയിച്ചു.

ഗ്രാമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയായിരുന്നു ആശാ ഭോസ്ലെ. 2000ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അവർ ഇന്ത്യൻ സംഗീതരംഗത്തെ അനശ്വര ശബ്ദമായി മാറി.

മറുപടി രേഖപ്പെടുത്തുക