ഗൗതം അദാനിയും സാഗര്‍ അദാനിയും അമേരിക്കൻ കൈക്കൂലി കേസ് ഒത്തുതീർപ്പാക്കാൻ 18 മില്യൺ ഡോളർ നൽകാൻ തയ്യാറായി. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഉന്നയിച്ച ആരോപണങ്ങൾ തീർപ്പാക്കുന്നതിനായാണ് നീക്കം. കരാർ പ്രകാരം ഗൗതം അദാനി 6 മില്യൺ ഡോളറും സാഗർ അദാനി 12 മില്യൺ ഡോളറും നൽകും. 2024 നവംബറിൽ ഫയൽ ചെയ്ത കേസിൽ,അദാനി ഗ്രീൻ എനർജി അഴിമതി വിരുദ്ധ നയങ്ങളും നിയമാനുസരണവും സംബന്ധിച്ച് നിക്ഷേപകർക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് SECയുടെ ആരോപണം.
ഇന്ത്യയിലെ സോളാർ പവർ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകൾ നേടാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്.
750 മില്യൺ ഡോളറിന്റെ ബോണ്ട് ഓഫറിങിനിടെ കമ്പനി അഴിമതി വിരുദ്ധ നിയമങ്ങൾ പാലിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നും, ഇതിലൂടെ അമേരിക്കൻ നിക്ഷേപകരിൽ നിന്ന് കുറഞ്ഞത് 175 മില്യൺ ഡോളർ സമാഹരിച്ചുവെന്നുമാണ് കേസ്.
കോടതി അംഗീകാരം ലഭിച്ചാൽ, ഒത്തുതീർപ്പ് അദാനി ഗ്രൂപ്പിന് വലിയ ആശ്വാസമാകും. അതേസമയം, അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സമാനമായ ക്രിമിനൽ കേസ് പിൻവലിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നേരത്തെ നിഷേധിച്ചിരുന്നു.
