ഐപിഎല്‍ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നല്‍കിയ കോംപ്ലിമെന്ററി പാസ്സുകൾ നടിയുടെ കയ്യിൽ; വിവാദം

ഐപിഎൽ മത്സരം കാണാൻ മുഖ്യമന്ത്രിക്ക് നൽകിയ കോംപ്ലിമെന്ററി പാസുകൾ നടിയുടെ കൈവശം എത്തിയതിനെച്ചൊല്ലി വിവാദം ശക്തമാകുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് നൽകിയ പാസുകളാണ് നടിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപ്പുവിന്റെ കൈവശം എത്തിയത്.
സംഭവം പുറത്ത് വന്നത് നടി ഇൻസ്റ്റഗ്രാമിൽ പ്രീമിയം ടിക്കറ്റുകളുടെ ചിത്രം പങ്കുവെച്ചതോടെയാണ്.

ഏകദേശം 40,000 രൂപ വിലവരുന്ന സൺറൈസേഴ്‌സ് എലൈറ്റ് ലോഞ്ചിലെ രണ്ട് ടിക്കറ്റുകളുടെ ചിത്രങ്ങളാണ് അവർ പോസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഹൈദരാബാദ്- ചെന്നൈ മത്സരത്തിനായുള്ള ടിക്കറ്റുകളാണിവ.

സോഷ്യൽ മീഡിയയിൽ സംഭവം വൈറലായതോടെ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ ടിക്കറ്റുകൾ ആരാണ് നൽകിയതെന്നും, എന്താണ് ഇതിന് പിന്നിലെ ഉദ്ദേശമെന്നും ചോദ്യങ്ങൾ ഉയരുന്നു. സാധാരണയായി മുഖ്യമന്ത്രിക്കുള്ള വിഐപി ടിക്കറ്റുകൾ അദ്ദേഹത്തിന്റെ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് നടി മത്സരം കാണാൻ പോയോയെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി ആർ എസ് രംഗത്തെത്തി. മുഖ്യമന്ത്രിക്ക് നൽകിയ വിഐപി പാസുകൾ സ്വകാര്യ വ്യക്തിയുടെ കൈവശം എത്തിയത് ഗുരുതര വിഷയമാണെന്നും, ഇതിൽ വിശദീകരണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക