തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് സിപിഎം; കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി സിപിഎം. കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് (ജനുവരി 16) തിരുവനന്തപുരത്ത് ചേരും. കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. സഖ്യകക്ഷികളുടെ നീക്കങ്ങളും യോഗത്തിൽ ചർച്ചയാകും. കേന്ദ്ര കമ്മിറ്റി യോഗം ഞായറാഴ്ച സമാപിക്കും.

കേരളത്തിൽ വീണ്ടും പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരണമെന്നതാണ് പാർട്ടിയുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രിക്ക് ഇളവ് നൽകുന്ന കാര്യം ഉൾപ്പെടെ ചില നിർണായക വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനവും യോഗത്തിൽ ഉൾപ്പെടും.

ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെയും സിപിഐയുടെയും ഗൃഹസന്ദർശന പരിപാടിക്ക് ഇന്നലെ തുടക്കമായി. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ നേതാക്കളും പ്രവർത്തകരും വീടുകളിലെത്തി ജനങ്ങളെ നേരിട്ട് കേൾക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തിയും അതിന് കാരണമായ ഘടകങ്ങൾ മനസ്സിലാക്കിയും ജനങ്ങളിലേക്ക് നേരിട്ട് എത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വൻ വിജയത്തിലേക്ക് നയിക്കുന്നതും പരിപാടിയുടെ ഉദ്ദേശ്യങ്ങളിലൊന്നാണ്.

ഗൃഹസന്ദർശനത്തിനിടെ പാർട്ടിയുടെ നയങ്ങളും ഭരണനേട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം ജനങ്ങളുടെ പരാതികളും നിർദേശങ്ങളും കേൾക്കും. തിരുവനന്തപുരത്ത് ആരംഭിച്ച പരിപാടിക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നേതൃത്വം നൽകി. മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെ വിവിധ ജില്ലകളിൽ വീടുകളിലെത്തി പരിപാടിയിൽ പങ്കാളികളാകുന്നുണ്ട്. ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നേതൃത്വം നൽകുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഗൃഹസന്ദർശനത്തിന് മാർഗരേഖയും സിപിഎം തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങൾ ഉന്നയിക്കുന്ന വിമർശനങ്ങൾ ക്ഷമാപൂർവം കേൾക്കണമെന്നും, തർക്കിച്ച് ജയിക്കാൻ ശ്രമിക്കാതെ മതിയായ സമയം ചെലവഴിച്ച് ശരിയായ ധാരണയിലേക്കെത്തിക്കണമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു. വർഗീയ സംഘടനകളെ വിമർശിക്കുന്നത് സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധ സമീപനമല്ലെന്ന കാര്യവും വ്യക്തമായി വിശദീകരിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, മാർഗരേഖകൾക്കപ്പുറം നിലവിൽ പാർട്ടി നേരിടുന്ന ചില വിഷയങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടതും, ശബരിമല വിഷയത്തിൽ എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാത്തതിനെ കുറിച്ച് വിശദീകരിക്കേണ്ടതുമാണ് പ്രധാന ആവശ്യങ്ങൾ. രാഷ്ട്രീയക്കാരനായാലും തന്ത്രിയായാലും കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകണമെന്നും നിർദേശമുണ്ട്.

മറുപടി രേഖപ്പെടുത്തുക