തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ നടന്ന കൂറുമാറ്റവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വാർഡ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
മറ്റത്തൂർ പഞ്ചായത്തിൽ രൂപപ്പെട്ട സഖ്യം തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയും, കോൺഗ്രസിന്റെ നയങ്ങളും പരിപാടികളും മുന്നോട്ടുവെച്ച് വോട്ടർമാരോട് പിന്തുണ തേടുകയും ചെയ്തവരാണ് പിന്നീട് ബിജെപിയുടെ പിന്തുണ സ്വീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ നടപടി വോട്ടർമാരോടുള്ള വിശ്വാസവഞ്ചനയും ജനവഞ്ചനയും ആണെന്നാണ് പ്രധാന ആരോപണം.
തിരഞ്ഞെടുപ്പ് സമയത്ത് ഒരു രാഷ്ട്രീയ നിലപാട് മുന്നോട്ടുവെച്ച് ജനവിധി നേടുകയും, വിജയത്തിന് ശേഷം അതിന് വിരുദ്ധമായ രാഷ്ട്രീയ ശക്തിയുമായി ചേർന്ന് ഭരണസഖ്യം രൂപീകരിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള കൂറുമാറ്റങ്ങൾ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
ഈ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന നടപടികളാണ് ഇനി മറ്റത്തൂർ പഞ്ചായത്ത് ഭരണത്തിൽ നിർണായകമാകുക.
