വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയൽ റൂം തുറന്നതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. തന്റെ ഭർത്താവായ ഷെഹ്സാദ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് മെറ്റീരിയൽ റൂമിൽ പ്രവേശിച്ചതെന്ന് ഫാത്തിമ വ്യക്തമാക്കി.
മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫാത്തിമ വിശദീകരണം നൽകിയത്. തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ഓഫീസിൽ നിന്ന് തിങ്കളാഴ്ച രാവിലെ ഷെഹ്സാദിന് ഫോൺ കോൾ ലഭിച്ചതായും, മെറ്റീരിയൽ റൂം തുറക്കുന്നതിനായി സ്ഥാനാർത്ഥിയുടെ പ്രതിനിധി എത്തണമെന്ന് അറിയിച്ചതായും അവർ പറഞ്ഞു. എന്നാൽ ഔദ്യോഗിക നോട്ടീസ് ലഭിക്കാതെ ഹാജരാകാൻ കഴിയില്ലെന്ന് അവർ അധികൃതരെ അറിയിച്ചിരുന്നുവെന്നും ഫാത്തിമ പറഞ്ഞു.
നോട്ടീസ് ഇമെയിൽ വഴി അയയ്ക്കാമെന്ന് അറിയിച്ചെങ്കിലും അത് ലഭിക്കാത്തതിനാൽ താൻ കോഴിക്കോട് നടന്ന യൂത്ത് ലീഗ് യോഗത്തിലേക്ക് പോയതായും, പിന്നീട് വാഹനമോടിക്കുന്നതിനാൽ മെയിൽ പരിശോധിക്കാൻ സാധിച്ചില്ലെന്നും ഫാത്തിമ വ്യക്തമാക്കി. തുടർന്ന് മെറ്റീരിയൽ റൂം 11 മണിക്ക് തുറക്കുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഷെഹ്സാദ് അവിടെ എത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു.
താൻ എത്താൻ വൈകിയതിനാലാണ് ഭർത്താവ് പ്രതിനിധിയായി റൂമിൽ കയറിയതെന്നും, പ്രവേശിക്കുന്നതിന് മുമ്പ് എൻട്രി ബുക്കിൽ പേര് രേഖപ്പെടുത്തി ഒപ്പുവെച്ചതായും ഫാത്തിമ കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങളിൽ മണ്ഡലം തെറ്റായി രേഖപ്പെടുത്തിയതും വിവാദം ശക്തമാക്കാൻ കാരണമായതായും അവർ ആരോപിച്ചു.
