സമകാലിക വെല്ലുവിളികളെ നേരിടാനും ഇന്തോ-പസഫിക് സുരക്ഷ മെച്ചപ്പെടുത്താനും ഇന്ത്യ- യുകെ ധാരണ

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ യുകെ പ്രതിരോധമന്ത്രി എയർ ചീഫ് മാർഷൽ സർ റിച്ചാർഡ് നൈറ്റണുമായി ബുധനാഴ്ച നിർണായക കൂടിക്കാഴ്ച നടത്തി. യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്.

ആഗോള വ്യാപാര അസന്തുലിതാവസ്ഥ മുതൽ ഉയർന്നുവരുന്ന സൈബർ ഭീഷണികൾ വരെയുള്ള സമകാലിക വെല്ലുവിളികളെ സംയുക്തമായി നേരിടാനുള്ള ദൃഢനിശ്ചയം ഇന്ത്യയും യുകെയും വീണ്ടും ആവർത്തിച്ചതായി ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനം എക്‌സിൽ അറിയിച്ചു. സമാധാനപരവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരുരാജ്യങ്ങളും പ്രതിബദ്ധത പ്രകടിപ്പിച്ചു.

ഈ സന്ദർശനം പ്രതിരോധ സഹകരണവും തന്ത്രപരമായ കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ആഗോള സുരക്ഷ, സ്ഥിരത, പ്രതിരോധശേഷി എന്നിവ ഉറപ്പാക്കാനുള്ള സംയുക്ത പ്രതിബദ്ധതയ്ക്കും ഈ കൂടിക്കാഴ്ച അടിവരയിടുന്നതായി വിലയിരുത്തപ്പെടുന്നു.

യുകെ സന്ദർശനത്തിനിടെ ജനറൽ അനിൽ ചൗഹാൻ റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസിന്റെ കമാൻഡന്റുമായും ഫാക്കൽറ്റിയുമായും കൂടിക്കാഴ്ച നടത്തി. ആഗോള സുരക്ഷാ അന്തരീക്ഷത്തിലെ മാറ്റങ്ങൾ, നിലവിലുള്ള പ്രവണതകൾ, അവയുടെ തന്ത്രപരമായ സ്വാധീനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

‘സൈനിക തന്ത്രത്തിലെ സമീപകാല സംഘർഷങ്ങളുടെ സ്വാധീനം’ എന്ന വിഷയത്തിൽ പിനാക്കിൾ കൂട്ടായ്മയെ അഭിസംബോധന ചെയ്ത ചൗഹാൻ, സംഘർഷങ്ങളുടെ മാറിയ സ്വഭാവം, ഇന്ത്യ നേരിടുന്ന തന്ത്രപരമായ വെല്ലുവിളികൾ, സുരക്ഷിതവും സുസ്ഥിരവുമായ ആഗോള ക്രമം രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്ക് എന്നിവ വിശദീകരിച്ചു.

മറുപടി രേഖപ്പെടുത്തുക