നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും ഉയര്‍ന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയൻ . പരീക്ഷ നടത്തിപ്പിന് ചുമതലപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ (എന്‍ടിഎ) പിരിച്ചുവിടുകയും, പരീക്ഷകള്‍ നടത്താനുള്ള ഉത്തരവാദിത്വം മുന്‍പത്തെപ്പോലെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തന്നെ തിരിച്ചുനല്‍കുകയും വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച, കോച്ചിംഗ് മാഫിയകളുടെ ഇടപെടല്‍, അഴിമതി എന്നിവയെക്കുറിച്ച് ആവര്‍ത്തിച്ച് ഉയരുന്ന ആരോപണങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിര്‍ണയിക്കുന്ന പരീക്ഷ വീണ്ടും വിവാദത്തിലാകുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസത്തെയും വിശ്വാസത്തെയും ഇത്തരം സംഭവങ്ങള്‍ തകര്‍ക്കുന്നതായും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ അനീതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പരീക്ഷാ സംവിധാനത്തിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ പരാജയപ്പെട്ടത് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ ഭാവിയെ പരീക്ഷണശാലയാക്കരുതെന്നും, പ്രവേശന പരീക്ഷാ നടത്തിപ്പിനെ പ്രഹസനമാക്കുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
