വിവാദങ്ങൾക്ക് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ പ്രത്യേക ഓഫീസറായി (OSD) ജ്യോതിഷിയെ നിയമിച്ച തീരുമാനം പിൻവലിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഈ നിയമനം നടത്തിയിരുന്നത്. ശാസ്ത്രീയ ഭരണരീതികൾ പാലിക്കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസിൽ ജ്യോതിഷിയെ നിയമിച്ചതിനെതിരെ വലിയ രാഷ്ട്രീയ വിമർശനങ്ങളാണ് ഉയർന്നത്. വിഷയത്തിൽ ഇന്ന് നിയമസഭയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ടിവികെ സർക്കാർ 144 അംഗങ്ങളുടെ പിന്തുണയോടെ വിശ്വാസവോട്ട് നേടിയതിന് പിന്നാലെയായിരുന്നു ഈ വിവാദം ഉയർന്നത്. എ.ഐ.എ.ഡി.എം.കെ വിമതരുടേത് ഉൾപ്പെടെ വിവിധ സഖ്യകക്ഷികളുടെ പിന്തുണയും സർക്കാരിന് ലഭിച്ചിരുന്നു.
ജ്യോതിഷിയുടെ നിയമനത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം സർക്കാർ സഖ്യകക്ഷികളിൽ നിന്നുതന്നെ വിമർശനം ഉയർന്നതോടെ തീരുമാനത്തിൽ നിന്ന് പിന്മാറേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി വിജയ് പ്രവർത്തിക്കുമെന്ന് പ്രവചിച്ച ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിനെയാണ് പ്രത്യേക ഓഫീസറായി നിയമിച്ചിരുന്നത്.
സിപിഎം, കോൺഗ്രസ്, വി.സി.കെ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ പോലും നിയമനത്തെ വിമർശിച്ചു. യുക്തിസഹമായ ചിന്തയെ പ്രോത്സാഹിപ്പിക്കേണ്ട സർക്കാരിന്റെ ഉത്തരവാദിത്വത്തിന് വിരുദ്ധമാണ് ഈ തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം അഭിപ്രായപ്പെട്ടു. വിവാദം വ്യാപകമായതോടെയാണ് സർക്കാർ തീരുമാനം പിൻവലിക്കാൻ നിർബന്ധിതമായത്.
