പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുന്നതായി ആർബിഐ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് ബാങ്കിന്റെ എല്ലാ ബാധ്യതകളും തീർക്കാൻ ആവശ്യമായ ഫണ്ടുകൾ ലഭ്യമാണെന്നും ആർബിഐ അറിയിച്ചു.
ഡെപ്പോസിറ്റ് ചെയ്തവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ബാങ്ക് നടത്തിയതെന്നതാണ് ആർബിഐയുടെ കണ്ടെത്തൽ. അനുവദിച്ച ബാങ്കിങ് ലൈസൻസിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22(4) പ്രകാരമാണ് ലൈസൻസ് റദ്ദാക്കിയത്. ഇന്നത്തെ പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ നടപടി പ്രാബല്യത്തിൽ വന്നു. ഇതോടെ സെക്ഷൻ 5(b) പ്രകാരമുള്ള ബാങ്കിങ് ബിസിനസുകളും സെക്ഷൻ 6 പ്രകാരമുള്ള അനുബന്ധ സേവനങ്ങളും ഇനി നൽകാൻ ബാങ്കിന് കഴിയില്ല.
അതേസമയം, പേടിഎം യുപിഐ സേവനത്തെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച് ആർബിഐ ഉടൻ കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
