ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുത്; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണെന്നും ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ യു.ഡി.എഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുന്നത്. സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഘടകകക്ഷികൾക്ക് സീറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും യോജിച്ചതല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അത്തരം പ്രസ്താവനകൾ കോൺഗ്രസ് അച്ചടക്കലംഘനമായി കാണുമെന്നും നേതാക്കൾക്കോ പാർട്ടി ഘടകങ്ങൾക്കോ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അവ നേതൃത്വത്തെ സമീപിച്ച് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യ പ്രസ്താവനകളും അതിനായി യോഗങ്ങൾ സംഘടിപ്പിക്കുന്നതും ഒരുവിധത്തിലും അനുവദിക്കില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന് ഇന്നലെയാണ് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ പ്രഖ്യാപിച്ചത്.

മറുപടി രേഖപ്പെടുത്തുക