യുഡിഎഫ് സെമിഫൈനൽ വിജയിച്ചതായും ഇനി ഫൈനൽ ജയിക്കുകയാണ് ലക്ഷ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് യുഡിഎഫ് കൂടുതൽ സജ്ജമാകണമെന്നും വേണുഗോപാൽ പറഞ്ഞു.
എൽഡിഎഫിനെതിരെ മാത്രം പറയുന്ന യാത്രയല്ല ഇത്, യുഡിഎഫിന്റെ വികസന വാഗ്ദാനങ്ങളും ജനകീയ പദ്ധതികളും മുന്നോട്ടുവയ്ക്കുന്ന യാത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസംഗങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതായും, യുഡിഎഫ് അധികാരത്തിലെത്തിയാൽ പെൻഷൻ നിർത്തുമെന്നത് നുണപ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം നേട്ടങ്ങളൊന്നും പറയാൻ കഴിയാത്തതിനാലാണ് എൽഡിഎഫ് ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
നാട്ടിലെ ജനങ്ങളെ ഒന്നിപ്പിച്ച് വികസനം നടപ്പാക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച വേണുഗോപാൽ, അന്വേഷണത്തിൽ സർക്കാർ ഇടപെടുകയാണെന്നും, സിപിഐഎം പ്രവർത്തകർ പ്രതികളാകാതിരിക്കാൻ ശ്രമം നടക്കുകയാണെന്നും ആരോപിച്ചു. കേസ് എത്ര നീട്ടിയാലും അമ്പലക്കള്ളന്മാരെ ജയിലിലടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
