അറസ്റ്റ് ചെയ്യപ്പെട്ടാലും കര്‍ഷകര്‍ക്കായി പോരാട്ടം തുടരും; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരാനാണ് തീരുമാനം എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കും രാജ്യത്തെ ഭക്ഷ്യോത്പാദനത്തിനും എതിരായ ഏതെങ്കിലും വ്യാപാര കരാറുകളെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും അന്നദാതാക്കള്‍ക്കായി താന്‍ ഏതറ്റം വരെയും പോരാടുമെന്നും രാഹുല്‍ എക്‌സില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയും ആവര്‍ത്തിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാരോപിച്ച് രാഹുലിനെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞതിന് മറുപടിയായാണ് രാഹുലിന്റെ വെല്ലുവിളി. തനിക്കെതിരെ പ്രമേയം അവതരിപ്പിക്കുകയോ കേസ് എടുക്കുകയോ ചെയ്യാമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ മുന്‍നിര്‍ത്തിയാണ് പാര്‍ലമെന്റില്‍ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. വ്യാപാര കരാറില്‍ ഇന്ത്യയുടെയും കര്‍ഷകരുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. “ഭാരത മാതാവിനെ സര്‍ക്കാര്‍ വിറ്റു; അതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?” എന്ന ചോദ്യവും അദ്ദേഹം സഭയില്‍ ഉന്നയിച്ചു.

മറുപടി രേഖപ്പെടുത്തുക