നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ രംഗത്ത്. പാർട്ടി തന്റെ അടിസ്ഥാന വേരുകളിലേക്ക് മടങ്ങേണ്ട സമയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ നീതിക്കായും അഴിമതിക്കെതിരായ പോരാട്ടങ്ങളിലേക്കും വീണ്ടും തിരിഞ്ഞുനിൽക്കണമെന്നും അരുൺ കുമാർ പറഞ്ഞു. ആദർശങ്ങളിൽ നിന്നുള്ള ചെറിയ വ്യതിചലനങ്ങൾ പോലും ജനങ്ങൾ ഗൗരവമായി കാണുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്താണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്.
അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.
