സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശനെയും കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തെയുംതിരെയാണ് നടപടി.
തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയും എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമള നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇരുവരുടെയും ഫേസ്ബുക്ക് വിമർശനം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദനോടായിരുന്നു പി.കെ. ശ്യാമളയുടെ തോൽവി.
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ആന്തൂർ നഗരസഭ ഉൾപ്പെടെയുള്ള മേഖലകളിൽ സിപിഎം പിന്നാക്കം പോകാൻ കാരണം സിറ്റിങ് എംഎൽഎ കൂടിയായ എം.വി. ഗോവിന്ദനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ വിമർശന പോസ്റ്റുകൾ പങ്കുവെച്ചത്.
തുടർന്ന് കെ.പി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും ഷൈജു ചാലപ്പുറത്തെ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തളിപ്പറമ്പ് ഏരിയ കമ്മിറ്റി നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പരാജയത്തിന് സിപിഎമ്മിലെ വിഭാഗീയത കാരണമായതായി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും പരാമർശമുണ്ട്. ചില ലോക്കൽ, ഏരിയ നേതാക്കൾ പാർട്ടി സ്ഥാനാർഥികൾക്കെതിരെ രഹസ്യമായി പ്രവർത്തിച്ചുവെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന കീഴാറ്റൂർ ഉൾപ്പെടെയുള്ള മേഖലകളായ ആന്തൂർ, മലപ്പട്ടം, മൊറാഴ എന്നിവിടങ്ങളിൽ പി.കെ. ശ്യാമളയ്ക്ക് ലഭിച്ച വോട്ടുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
