നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ടെലഗ്രാം. കോൺഗ്രസ് എംപി കാർത്തി ചിദംബരം ഉന്നയിച്ച വിമർശനത്തിന് മറുപടിയായാണ് ടെലഗ്രാം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
മോഷണം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടുകയോ, അമിതവേഗതയിൽ വാഹനമോടിക്കുന്നുണ്ടെന്ന് കരുതി റോഡുകൾ തന്നെ അടച്ചുപൂട്ടുകയോ ചെയ്യുന്നതിന് സമാനമാണ് ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തുന്നതെന്ന് കമ്പനി പരിഹസിച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ‘മാസ്റ്റർ സ്ട്രോക്ക്’ ആണോ ടെലഗ്രാം നിരോധനമെന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പരിഹാസപരമായ ചോദ്യം.
അതേസമയം, വിഷയത്തിൽ ടെലഗ്രാം സ്ഥാപകൻ പാവൽ ദുറോവും പ്രതികരണവുമായി രംഗത്തെത്തി. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് ശരിയായ സമീപനമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്ലാറ്റ്ഫോമിന് വിലക്ക് ഏർപ്പെടുത്തിയാലും പരീക്ഷാ ചോദ്യപേപ്പർ ചോർച്ച പോലുള്ള തട്ടിപ്പുകൾ പൂർണമായും തടയാനാകില്ലെന്നും, സംവിധാനത്തിനുള്ളിലെ വ്യക്തികൾ മറ്റ് മാർഗങ്ങളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും ഇത്തരം പ്രവർത്തനങ്ങൾ തുടരാനിടയുണ്ടെന്നും ദുറോവ് എക്സിലൂടെ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ടെലഗ്രാമിന് 150 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നും, നിലവിലെ നടപടി ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിയമപരമായി പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന സാധാരണ ജനങ്ങളെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ടെലഗ്രാമിനെതിരെ സ്വീകരിച്ച നടപടിയും അതിനെതിരായ പ്രതികരണങ്ങളും ഇപ്പോൾ ദേശീയതലത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
