ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ വെനസ്വേലയുടെ എണ്ണ ഒഴുക്ക് പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെ നാവിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ശ്രമിച്ചിരുന്നുവെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ വെനസ്വേലയുടെ എണ്ണ വ്യവസായത്തെ ഗുരുതരമായി തളർത്തിയതായും വിലയിരുത്തപ്പെടുന്നു.
മയക്കുമരുന്ന് കടത്ത് ആരോപണങ്ങൾ ഉന്നയിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ഭരണകൂടത്തിനെതിരെ അമേരിക്ക കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഈ ആരോപണങ്ങളുടെ പേരിൽ നിരവധി വെനസ്വേലൻ കപ്പലുകൾ അമേരിക്ക തകർത്തതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് മാസമായി കരീബിയൻ കടലിൽ അമേരിക്ക ശക്തമായ സൈനിക സാന്നിധ്യം നിലനിർത്തിയിരുന്നതും സംഘർഷാവസ്ഥ വർധിപ്പിച്ചു.
വെനസ്വേലയുടെ അക്ഷയ എണ്ണ നിക്ഷേപങ്ങളും അതുമായി ബന്ധപ്പെട്ട എണ്ണ മേഖലകളും സൈനിക ശക്തി ഉപയോഗിച്ച് കൈവശപ്പെടുത്തി അമേരിക്കൻ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാക്കുക എന്ന നയമാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം നടപ്പാക്കുന്നതെന്ന് വിദേശകാര്യ വിദഗ്‌ധൻ പി. ജെ. വിൻസെന്റ് ട്വന്റി ഫോറിനോട് പറഞ്ഞു. ഇതിന് വെനസ്വേലയിലെ പ്രതിപക്ഷ നേതാക്കളുടെ പിന്തുണയും അമേരിക്കയ്ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക താവളങ്ങൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്കൻ സേന ആക്രമണം ശക്തമാക്കുകയാണ്.
അതേസമയം, തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനിടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദിയാക്കിയതായും, പിന്നീട് അമേരിക്കൻ പ്രത്യേക സേനയായ ഡെൽറ്റ ഫോഴ്സ് ഇരുവരെയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ വെനസ്വേലയ്ക്കെതിരായ അമേരിക്കൻ കരയാക്രമണവും തുടരുകയാണ് എന്നതാണ് പുറത്തുവരുന്ന വിവരം.
ഈ സംഭവവികാസങ്ങൾ വെനസ്വേലയിലെ രാഷ്ട്രീയ-സൈനിക പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
