പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ്. മന്ത്രി വി. ശിവൻകുട്ടിക്കെതിരായ പരാമർശം ചൂണ്ടിക്കാട്ടിയാണ് വി. ജോയ് എംഎൽഎ നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിക്കുകയും പൊതുജനമധ്യത്തിൽ അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നടപടി ആവശ്യപ്പെട്ടത്.
“ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ” എന്ന സതീശന്റെ പരാമർശമാണ് വിവാദമായത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന വി. ശിവൻകുട്ടിയുടെ നിയമസഭാ പ്രസംഗവുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയായിരുന്നു ഈ പരാമർശം.
സതീശന്റെ വാക്കുകൾ തരംതാണ പദപ്രയോഗമാണെന്നും ‘എടാ, പോടാ’ തുടങ്ങിയ പരാമർശങ്ങൾ നടത്തിയെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു. ഒരു പൊതുപ്രവർത്തകൻ ഉപയോഗിക്കരുതാത്ത ഭാഷയാണ് സതീശൻ പ്രയോഗിച്ചതെന്നും അണികളെ ആവേശപ്പെടുത്താനാണ് ഇത്തരം പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു.
