ആദ്യ വനിതാ ടി20 ലോകകപ്പിന് നെതർലൻഡ്‌സ്; യുഎസിനെ പരാജയപ്പെടുത്തി യോഗ്യത നേടി

നേപ്പാളിലെ കീർത്തിപൂരിൽ നടന്ന ഗ്ലോബൽ ക്വാളിഫയേഴ്സിൽ DLS രീതിയിലൂടെ 21 റൺസിന് യുഎസ്എയെ പരാജയപ്പെടുത്തി നെതർലാൻഡ്‌സ് തങ്ങളുടെ കന്നി ഐസിസി വനിതാ ടി20 ലോകകപ്പ് കളിക്കാനുള്ള യോഗ്യത സ്വന്തമാക്കി.

130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീം 12 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ മഴ കാരണം കളി തടസ്സപ്പെട്ടു; ആ ഘട്ടത്തിൽ ആവശ്യമായ പരമാവധി സ്കോർ മറികടന്നതിനാൽ അവരെ ഒടുവിൽ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു .

ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ നെതർലൻഡ്‌സ് കടന്നുവന്നിരുന്നു . സിംബാബ്‌വെ, സ്‌കോട്ട്‌ലൻഡ്, നേപ്പാൾ, തായ്‌ലൻഡ് എന്നീ ടീമുകളെ പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായി. തുടർന്ന് സൂപ്പർ സിക്‌സിൽ യുഎസ്എയെ പരാജയപ്പെടുത്തി അയർലൻഡിനും ബംഗ്ലാദേശിനും എതിരായ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ യോഗ്യത ഉറപ്പാക്കി.

അതേസമയം, സൂപ്പർ സിക്‌സിലെ ഓപ്പണറിൽ തായ്‌ലൻഡിനെ 39 റൺസിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കി. യുഎസ്എ, പാപുവ ന്യൂ ഗിനിയ, നമീബിയ, അയർലൻഡ് എന്നിവയ്‌ക്കെതിരെ തുടർച്ചയായ വിജയങ്ങൾ നേടിയ ബംഗ്ലാദേശ് ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. സ്കോട്ട്ലൻഡിനും നെതർലാൻഡ്‌സിനും എതിരെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ടി20 ലോകകപ്പ് യോഗ്യതയും ബംഗ്ലാദേശ് ഉറപ്പാക്കി.

ഈ വർഷം അവസാനം നടക്കുന്ന 12 ടീമുകളുടെ ടൂർണമെന്റിലേക്ക് നെതർലാൻഡ്‌സും ബംഗ്ലാദേശും യോഗ്യത നേടിയതോടെ, 10 ടീമുകൾ അവരുടെ സ്ഥാനങ്ങൾ ഉറപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബൽ ക്വാളിഫയറിൽ അവസാന രണ്ട് സ്ഥാനങ്ങൾക്കായി സ്കോട്ട്ലൻഡ്, അയർലൻഡ്, യുഎസ്എ, തായ്‌ലൻഡ് എന്നിവർ പോരാടും.

2026 ലെ ഐസിസി വനിതാ ടി20 ലോകകപ്പ് ജൂൺ 12 ന് ഇംഗ്ലണ്ടിലും വെയിൽസിലുമായി ആരംഭിക്കും.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ആഗോള ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു.

മറുപടി രേഖപ്പെടുത്തുക