സി.ജെ. റോയിയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ മരണത്തിൽ ബെംഗളൂരു അശോക് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.

ഇൻകം ടാക്സ് റെയ്ഡ് നടക്കുന്നതിനിടെയാണ് സി.ജെ. റോയ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും കമ്മീഷണർ പറഞ്ഞു.

കഴിഞ്ഞ രണ്ട് മുതൽ മൂന്ന് ദിവസങ്ങളായി റോയിയുടെ സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ് പുരോഗമിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയിരുന്നതെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

വിദേശത്തുള്ള കുടുംബാംഗങ്ങളുമായി സ്ഥിതിഗതികൾ പങ്കുവെച്ചിട്ടുണ്ടെന്നും അവർ ഇന്ന് രാത്രിയോടെ എത്തുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങൾ എത്തിച്ചേരുന്നതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ അശോക് നഗറിലുള്ള ഓഫീസിലാണ് സംഭവം നടന്നത്. തുടർന്ന് നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക