ഞങ്ങളുടെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച പാർട്ടികൾ നൽകിയ പിന്തുണയിൽ മാത്രമാണ് ഈ സർക്കാർ നിലനിൽക്കുന്നത്; തമിഴ്നാട്ടിൽ വിശ്വാസ വോട്ടെടുപ്പിനിടെ ഡിഎംകെ ഇറങ്ങിപ്പോയി

തമിഴ്‌നാട് നിയമസഭയിൽ ബുധനാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പ് നടപടികൾക്കിടെ വലിയ രാഷ്ട്രീയ വിവാദങ്ങൾ അരങ്ങേറി. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന സർക്കാരിന്റെ ഭൂരിപക്ഷത്തെ ചോദ്യം ചെയ്താണ് ഡി.എം.കെ രംഗത്തെത്തിയത്.

വിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിച്ച ഉദയനിധി സ്റ്റാലിൻ, 234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ഭരണകക്ഷിക്കില്ലെന്ന് ആരോപിച്ചു.

മുഖ്യമന്ത്രി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് പിന്നീട് ഒരു സീറ്റ് രാജിവെച്ചതും അദ്ദേഹം വിമർശിച്ചു. “വിജയത്തിൽ ആത്മവിശ്വാസമില്ലാത്തതിനാലാണ് മുഖ്യമന്ത്രി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചത്. വിജയിച്ച ശേഷം ജനങ്ങളോട് നന്ദി പോലും പറഞ്ഞിട്ടില്ല,” എന്നാണ് ഉദയനിധി സഭയിൽ ആരോപിച്ചത്.

തിരുപ്പട്ടൂർ എം.എൽ.എയെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് മദ്രാസ് ഹൈക്കോടതി വിലക്കിയതോടെ ഭരണപക്ഷത്തിന്റെ യഥാർത്ഥ അംഗബലം കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കോടതി ഉത്തരവിനെ തുടർന്ന് സർക്കാരിന് ഫലത്തിൽ 106 അംഗങ്ങൾ മാത്രമാണുള്ളത്. ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ കൊണ്ടാണ് സർക്കാർ നിലനിൽക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

പുതിയ സർക്കാരിന്റെ പ്രവർത്തന ശൈലിയെയും ഡി.എം.കെ വിമർശിച്ചു. ഭരണത്തേക്കാൾ പ്രതിച്ഛായ സൃഷ്ടിക്കലിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ആരോപിച്ച ഉദയനിധി, “ഇൻസ്റ്റാഗ്രാം റീലുകളിലൂടെയുള്ള ഭരണമല്ല വേണ്ടത്, യഥാർത്ഥ ഭരണമാണ് ആവശ്യം,” എന്ന് പ്രതികരിച്ചു. ഇതോടെ സഭയിൽ ട്രഷറി ബെഞ്ചുകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു.

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് എ.ഐ.എ.ഡി.എം.കെ വിമത നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളും ഡി.എം.കെ ഉയർത്തിക്കാട്ടി. “ഇതാണ് വാഗ്ദാനം ചെയ്ത ശുദ്ധ രാഷ്ട്രീയമോ?” എന്ന ചോദ്യവും ഉദയനിധി മുന്നോട്ടുവച്ചു.

അതേസമയം, നീറ്റ്-യുജി 2026 പരീക്ഷ റദ്ദാക്കിയ വിഷയവും സഭാ ചർച്ചയിൽ ഇടംപിടിച്ചു. മാണിതനേയ മക്കൾ കച്ചി എം.എൽ.എ എം.എച്ച് ജവാഹിറുള്ള, തമിഴ്‌നാടിന്റെ നീറ്റിനെതിരായ നിലപാട് തുടരണവും പ്രധാനമന്ത്രി ശ്രീ വിദ്യാഭ്യാസ പദ്ധതി നിരസിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക