സിൽവർ ലൈൻ പദ്ധതിക്ക് ഗുരുതര ദോഷഫലങ്ങളെന്ന് എൽ.ഡി.എഫ് സർക്കാർ; കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ നിർണായക സമ്മതം

സിൽവർ ലൈൻ പദ്ധതി വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിനും പരിസ്ഥിതി ആഘാതങ്ങൾക്കും ഇടയാക്കുമെന്ന വിലയിരുത്തലുമായി എൽ.ഡി.എഫ് സർക്കാർ. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവനോപാധി നഷ്ടമാകുമെന്നും സർക്കാർ തന്നെ സമ്മതിക്കുന്ന റിപ്പോർട്ടാണ് കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് സിൽവർ ലൈനിന്റെ ദോഷവശങ്ങൾ വിശദമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സിൽവർ ലൈനിന് പകരം റാപ്പിഡ് റെയിൽ സിസ്റ്റം നടപ്പിലാക്കാനുള്ള സാധ്യത പഠിക്കണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. പദ്ധതി നടപ്പായാൽ ഏകദേശം 10,000 കുടുംബങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. വ്യാപകമായ ഭൂമിയേറ്റെടുപ്പ് മൂലം ജനങ്ങളുടെ ജീവനോപാധി നഷ്ടപ്പെടുമെന്നും പരിസ്ഥിതി ദുർബല മേഖലകളിൽ ഗുരുതര ആഘാതമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, റെയിൽവേയുടെ എതിർപ്പും പൊതുജന പ്രതിഷേധവും പദ്ധതിയുടെ പ്രധാന വെല്ലുവിളികളായി സർക്കാർ ചൂണ്ടിക്കാണിക്കുന്നു. സിൽവർ ലൈൻ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ പുറത്തുവന്ന ഈ റിപ്പോർട്ട് രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക