മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്: കെസി വേണുഗോപാൽ

മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസാണ് എന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി . ജനങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കുന്നു.തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ അവകാശമാക്കിയത് യു.പി.എ സര്‍ക്കാരാണ്. വിവരാവകാശം നിയമം പിന്‍വലിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു വാദം. ജനങ്ങള്‍ക്ക് വിവരം അറിയാനുള്ള അവകാശം നല്‍കിയതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം എന്നാണ് ഇക്കണോമിക് സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്. ഇത് അടിസ്ഥാനരഹിതമായ കണ്ടെത്തലാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ ശശി തരൂരുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും ശശി തരൂര്‍ തന്നെ അത് നിഷേധിച്ചിട്ടും മാധ്യമങ്ങള്‍ നിലപാട് മാറ്റുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാല്‍ പറഞ്ഞു. വടക്കേ മലബാറിലെ ചൊല്ലുപോലെ ‘കൊല്ലാതെ കൊന്നത് നീയെ ചാപ്പാ, എന്നെ കൊല്ലിച്ചത് നീയെ ചാപ്പാ’ എന്നതാണ് മാധ്യമങ്ങളുടെ അവസ്ഥ. ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വളരെ സജീവമായി, ശക്തമായി പാര്‍ട്ടി നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഉണ്ടാകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

എതിരഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അവരെ 51 വെട്ടു വെട്ടി കൊന്നു തീര്‍ക്കുക എന്നുള്ളതല്ല കോണ്‍ഗ്രസ് ശൈലി. എതിരഭിപ്രായങ്ങളെ സ്വീകരിച്ച്, അതില്‍ നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക, വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. അതല്ലാതെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുറന്ന് പറഞ്ഞ വി.കുഞ്ഞികൃഷ്ണനെ സിപിഎം കൈകാര്യം ചെയ്തത് പോലെ കോണ്‍ഗ്രസ് ചെയ്യാറില്ല. പാര്‍ട്ടി അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ കാരണം ചോദിച്ച് മനസിലാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രമാണ് പാര്‍ട്ടി ഏതെങ്കിലും അച്ചടക്ക നടപടി എടുക്കാറുള്ളുവെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക