വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ: പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടികൾ ആരംഭിച്ചു

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാഷ്ട്രപതി ഭവൻ നടപടി ആരംഭിച്ചു. പുരസ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയാണ് മേൽനടപടികൾക്കായി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.

പരാതിയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ ഗൗരവകരമാണെന്ന് വിലയിരുത്തിയ രാഷ്ട്രപതി, വിഷയത്തിൽ സമഗ്ര പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്.

പത്മ പുരസ്കാരങ്ങളെക്കുറിച്ച് മുൻകാലങ്ങളിൽ മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശനം നടത്തിയ വ്യക്തിക്ക് തന്നെ അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സിനെ ദോഷകരമായി ബാധിക്കുമെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത്തരത്തിൽ ഒരാൾക്ക് ഉന്നത ബഹുമതി നൽകുന്നത് ഇതിനകം പുരസ്കാരം ലഭിച്ചവരോടുള്ള അനാദരവാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ഉയർന്ന ബഹുമതി നൽകുന്നത് ഉചിതമല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയിലായതിനാലാണ് പരാതി അവിടേക്ക് കൈമാറിയതെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച കത്തിന്റെ പകർപ്പ് പരാതിക്കാരനായ ആർ.എസ്. ശശികുമാറിന് രാഷ്ട്രപതി ഭവൻ അയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന പൂർത്തിയായതിന് ശേഷമേ പുരസ്കാരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.

മറുപടി രേഖപ്പെടുത്തുക