ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചുവെന്ന വാദം ഇന്ത്യ ശക്തമായി തള്ളി.
‘എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഇസ്രയേൽ സന്ദർശനത്തെയും കുറിച്ച് പരാമർശിക്കുന്ന ഒരു ഇ-മെയിൽ സന്ദേശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . 2017 ജൂലൈയിൽ മോദി ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തിയതെന്ന സത്യത്തിനപ്പുറം, ഇ-മെയിലിൽ പറയുന്ന മറ്റു കാര്യങ്ങൾ എല്ലാം ഒരു കുറ്റവാളിയുടെ പാഴ്വാക്കുകൾ മാത്രമാണ്. അവയെ അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
1992ൽ ഇന്ത്യയും ഇസ്രയേലും നയതന്ത്രബന്ധം പൂർണമായി സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി 2017ൽ ഇസ്രയേൽ സന്ദർശിക്കുന്നത്. എന്നാൽ ട്രംപിനുവേണ്ടി മോദി ഇസ്രയേൽ സന്ദർശിച്ചത് തന്റെ ഉപദേശപ്രകാരം ആണെന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് പുറത്തുവന്ന ഇ-മെയിലിൽ ഉള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഇത് പുറത്തുവന്നതോടെ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. എന്തിനാണ് ഒരു കുറ്റവാളിയുടെ ഉപദേശം മോദി കേട്ടതെന്നും അതിലൂടെ എന്ത് ഗുണമാണ് ഉണ്ടായതെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. ജെഫ്രി എപ്സ്റ്റീൻ ലോകത്തിന് തന്നെ നാണക്കേടാണെന്നും പ്രധാനമന്ത്രിക്ക് എപ്സ്റ്റീനുമായി നേരിട്ടുള്ളതും നിഗൂഢവുമായ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും പവൻ ഖേര ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളുടെ അവസാന ഭാഗം പുറത്തുവന്നത്. മൂന്ന് ദശലക്ഷത്തിലധികം പേജുകളും, 2000ത്തിലധികം വീഡിയോകളും, 1.8 ലക്ഷംത്തിലധികം ചിത്രങ്ങളുമാണ് ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചത്.
