കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറന്നുപോയോയെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കുന്ന നയരേഖയാണ് ബജറ്റെന്നും ഇതിന് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനം വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവ ഒന്നും ബജറ്റിൽ ഉൾപ്പെടുത്താത്തത് ബോധപൂർവ്വമായ വിവേചനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറൽ തത്വങ്ങളെ ലംഘിച്ച് സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുകൾ വെട്ടിക്കുറച്ച നടപടി കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോൾ 1.4 ലക്ഷം കോടിയായി കുറഞ്ഞത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് ഖനനം ചെയ്യാൻ വിട്ടുനൽകാനുള്ള കേന്ദ്ര നീക്കം അത്യന്തം അപകടകരമാണെന്നും പരിസ്ഥിതി മാനദണ്ഡങ്ങൾ പോലും ലംഘിച്ച് കോർപ്പറേറ്റുകളെ സഹായിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. റെയിൽവേ കോച്ച് ഫാക്ടറി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസും ബിജെപിയും ഒരുപോലെ കേരളത്തെ കബളിപ്പിച്ചുവെന്നും, കോർപ്പറേറ്റുകളെ കൊഴുപ്പിച്ച് സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളുന്ന നവലിബറൽ നയമാണ് ഈ ബജറ്റെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
